01 April 2011






















  

കേരളത്തിലും ജനസംഖ്യ വര്‍ധിച്ചു; ഒന്നാംസ്ഥാനത്ത് മലപ്പുറം




Image





തിരുവനന്തപുരം: കേരളത്തിലെ ജനസംഖ്യയില്‍ 15,46,303 ആളുകളുടെ വര്‍ധനവുണ്ടായി സെന്‍സസ് രേകകള്‍. ജനസംഖ്യാ വളര്‍ച്ചാനിരക്കില്‍ 4.86 ശതമാനത്തിന്റെ വര്‍ധനയാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയതെന്ന് സംസ്ഥാന സെന്‍സസ് ഡയറക്ടര്‍ ഡോ. വി എം ഗോപാലമേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
41,10,956 ജനങ്ങളുള്ള മലപ്പുറമാണ് കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല. സംസ്ഥാന ജനസംഖ്യയുടെ 12.31 ശതമാനമാണ് മലപ്പുറത്തുള്ളത്. അതേസമയം 8,16,558 ജനസംഖ്യയുള്ള വയനാടാണ് ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല. സംസ്ഥാന ജനസംഖ്യയുടെ 2.45 ശതമാനമാനം മാത്രമാണിത്. സംസ്ഥാനത്തെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1991-2001-ലെ ജനസംഖ്യയിലെ വര്‍ധനവ് 9.43% ആയിരുന്നെങ്കില്‍ ഇത്തവണത്തെ കണക്കെടുപ്പില്‍ അത് 4.86 ശതമാനമായി കുറഞ്ഞു. 13.39 ശതമാനം ജനസംഖ്യാവര്‍ധനവ് രേഖപ്പെടുത്തിയ മലപ്പുറം ജില്ലയാണ് പട്ടികയില്‍ ഒന്നാമത്. 2001ലെ കണക്ക് അനുസരിച്ച് മലപ്പുറത്തെ ജനസംഖ്യാവര്‍ധന 17 ശതമാനമായിരുന്നു. ജനസംഖ്യാവളര്‍ച്ചാ നിരക്കില്‍ ഏറ്റവും പിന്നിലുള്ള പത്തനതിട്ടയില്‍ നെഗറ്റീവ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. -3.12 ശതമാനം. സംസ്ഥാനത്തിന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആളുകളാണ്. ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയായ തിരുവനന്തപുരത്ത് ച.കി.മീറ്ററിന് 1509 ആളുകളും ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ലയായ ഇടുക്കിയില്‍ 254 ആളുകളും താമസിക്കുന്നു. 2001-ല്‍ കേരളത്തിലെ ജനസാന്ദ്രത 819 ആയിരുന്നു.



ഇന്ത്യന്‍ വീടുകള്‍ സ്വര്‍ണ്ണഖനി 
 
 
Image
 
 
 
ബംഗളുരു: ഇന്ത്യന്‍ വീടുകള്‍ സ്വര്‍ണ്ണഖനിയെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണാഭരണങ്ങളുടെ ഉപഭോഗം സംബന്ധിച്ച് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വെളിപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന വീടുകള്‍ ഇന്ത്യയിലാണെന്ന് കണ്ടെത്തിയത്.
കണക്കുകള്‍ പ്രകാരം ഇപ്പോള്‍ 18,000ടണ്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍ ആഭരണരൂപത്തിലുള്ളതായും ഇതിന്റെ മൂന്നില്‍ രണ്ടുഭാഗവും ഗ്രാമങ്ങളിലാണെന്നും കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച കൗണ്‍സിലിന്റെ പഠനറിപ്പോര്‍ട്ട് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് മേഖല മാനേജിങ് ഡയറക്ടര്‍ അജയ് മിത്ര പ്രകാശനം ചെയ്തത്. വില കുത്തനെ ഉയരുന്നത് സ്വര്‍ണ്ണ ഉപഭോഗത്തില്‍ കുറവ് വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്ത് സ്വര്‍ണത്തിന്റെ ഉപഭോഗം മുപ്പതുശതമാനം വര്‍ദ്ധിയ്ക്കുമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ സ്വര്‍ണവിപണിയില്‍ നടക്കുന്ന കച്ചവടത്തിന്റെ മൂന്നില്‍ രണ്ടു പങ്കും വിവാഹ ആവശ്യക്കാരാണ് ഉപഭോക്താക്കളായി എത്തുന്നത്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 15കോടി വിവാഹമെങ്കിലും നടക്കുമെന്നാണ് കണക്ക്. ഇതിന് മാത്രമായി പ്രതിവര്‍ഷം 500 ടണ്‍ സ്വര്‍ണം വേണമെന്നുമാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. 2010ല്‍ രാജ്യത്ത് 963.1 ടണ്‍ സ്വര്‍ണമാണ് അധികമായി വിറ്റഴിഞ്ഞത്. 2020ല്‍ ഇത് 1200 ടണ്ണായി ഉയരുമെന്നും അജയ് മിത്ര പറഞ്ഞു. ഇന്ത്യയില്‍ സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സംസ്ഥാനങ്ങള്‍ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സ്വര്‍ണ ഉപഭോഗം രാജ്യത്തിന്റെ മൊത്തം ഉപഭോകത്തിന്റെ 40ശതമാനത്തോളം വരുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പ്രധാന അദ്ധ്യാപകന്‍ പിടിയില്‍
 
Image
 


 
മലപ്പുറം: നിരവധി വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാന അദ്ധ്യാപകന്‍ അറസ്റ്റിലായി. തിരൂര്‍ ബിപി അങ്ങാടി ജി.എം.യു.പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പുതുപ്പള്ളി അത്താണിപ്പടി പണ്ടാരവളപ്പില്‍ സെയ്തലവി(48) ആണ് അറസ്റ്റിലായത്. 24 യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ പലതവണയായി പീഡിപ്പിച്ചത്. 
ക്രൈംബ്രാഞ്ച് ആന്റി ട്രാഫിക് വിഭാഗത്തിനു ലഭിച്ച പരാതിയെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു സംഭവം പുറത്തായത്. കുട്ടികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു രക്ഷിതാക്കളാണു പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍
Imageന്യൂയോര്‍ക്ക്: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 117.36 ഡോളറായി ഉയര്‍ന്നു. രണ്ടര വര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ലൈറ്റ് സ്വീറ്റ് ക്രൂഡിന് വില ബാരലിന് 107 ഡോളറായാണ് വര്‍ധിച്ചത്. ബ്രന്റ് ക്രൂഡിന് വില 117.36 ഡോളറായും വര്‍ധിച്ചു.
 
 
      ലിബിയയിലെ സംഘര്‍ഷാവസ്ഥയാണ് ക്രൂഡ് ഓയില്‍ വില ഉയരാനിടയാക്കുന്നത്. സംഘര്‍ഷാവസ്ഥമൂലം എണ്ണ ലഭ്യത കുറയുമോ എന്ന ആശങ്കയാണ് ക്രൂഡ് വില ഉയര്‍ത്തിയത്. ആഗോള വിപണിയില്‍ ലഭ്യമാവുന്ന എണ്ണയുടെ രണ്ട് ശതമാനത്തോളം ഉത്പാദിപ്പിക്കുന്നത് ലിബിയയിലാണ്. പ്രതിദിനം 16 ലക്ഷം ബാരല്‍ എണ്ണയാണ് ലിബിയ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
 
 
 
 

 
 
 
 
 
 
 

  വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ ബ്രോംക്‌സ് മൃഗശാലയില്‍ നിന്നു കാണാതായ ഉഗ്രവിഷമുള്ള ഈജിപ്ഷ്യന്‍ കരിമൂര്‍ഖനെ കണ്ടെത്തി. ഒരാഴ്ച മുമ്പ് കാണാതായ കരിമൂര്‍ഖനെ അതിന്റെ കൂട്ടില്‍ തന്നെയാണ് കണ്ടെത്തിയതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. 20 ഇഞ്ച് നീളമുള്ള ഈജിപ്ഷ്യന്‍ കരിമൂര്‍ഖനാണ് ഒരുദിവസം ഏവരിലും ആശങ്ക പരത്തി ഒളിവില്‍പ്പോയത്.

പാമ്പ് മൃഗശാലയില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്നും എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവുമെന്നുമായിരുന്നു അധികൃതരുടെ വിശ്വാസം. അതേസമയം, പാമ്പ് കൂടിനു വെളിയില്‍ പോയിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇവിടെ സന്ദര്‍ശകര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു.
പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തില്‍ മൃഗശാല സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കുമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

ആഫ്രിക്ക, അറേബ്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഇത്തരം പാമ്പുകളുടെ ആഹാരം ചെറുപക്ഷികളും തവളകളുമാണ്. ഇവയുടെ കടിയേറ്റാല്‍ ശ്വാസകോശം തകരാറിലാകും. ഈ ഇനത്തില്‍പ്പെട്ട പാമ്പിന്റെ കടിയേല്‍പ്പിച്ചാണ് ക്ലിയോപാട്ര രാജ്ഞി ജീവനൊടുക്കിയത്.

ഒളിവിലായിരുന്ന മൂര്‍ഖന്‍ ഇതിനിടെ ട്വിറ്ററില്‍ തലപൊക്കിയിരുന്നു. ബ്രോക്‌സ് സൂ കോബ്ര എന്ന പേരിലാരംഭിച്ച ട്വിറ്റര്‍ അക്കൗണ്ടില്‍ ഇരുപതിനായിരത്തോളം പേരാണ് ഫോളോവേഴ്‌സായത്. അടിപൊളി ട്വീറ്റുകളും കരിമൂര്‍ഖന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു

ഞാനിപ്പോള്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങിന് മുകളിലാണ് താഴെയുള്ള മനുഷ്യരെല്ലാം ചെറിയ എലികളെപ്പോലെ, രുചിയേറിയ ചെറിയ എലികളെപ്പോലെ ഇങ്ങനെയൊക്കെയായിരുന്നു മൂര്‍ഖന്റെ ട്വീറ്റുകള്‍. മുര്‍ഖന്‍ പുറത്തുവന്നെങ്കിലും അക്കൗണ്ട് തുടങ്ങിയ വിരുതനാരെന്ന കാര്യം വ്യക്തമായിട്ടില്ല

പരുക്ക് പ്രശ്‌നമല്ല; മുരളീധരന്‍ കളിയ്ക്കും

മുംബൈ: ലോകകപ്പ് ഫൈനലില്‍ താന്‍ കളിക്കുമെന്നു ശ്രീലങ്കന്‍ ബോളര്‍ മുത്തയ്യ മുരളീധരന്‍. ട്വിറ്ററിലൂടെയാണ് മുരളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പരുക്കുകളെ തുടര്‍ന്നു മുരളീധരന്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ കളിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
Muttiah Muralitharan
Getty Images
പരുക്കു ഭേദപ്പെട്ടതിനെ തുടര്‍ന്ന് മുരളി വെള്ളിയാഴ്ച ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. കണങ്കാലിനേറ്റ പരുക്ക്, പേശിവലിവ്, ഇടുപ്പുവേദന എന്നിവകാരണം മുരളീധരന്‍ കളിച്ചേക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പരുക്കുമൂലം ബുദ്ധിമുട്ടുന്ന ആഞ്ചലോ മാത്യൂസിനും മരളിയ്ക്കും പകരം ചാമിന്ദാ വാസ്, സ്പിന്നര്‍ സുരാജ് രണ്‍ദീവ് എന്നിവരെ വിളിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ന്യൂസിലാന്‍ഡിനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തില്‍ മുരളിയ്ക്ക് വിശ്രമം അനുവദിച്ചേയ്ക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ മുരളിയുടെ തന്നെ താല്‍പര്യപ്രകാരം കളിക്കുകയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് 15 വിക്കറ്റ് വീഴ്ത്താനായി. ഒരു കാലേയുള്ളുവെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന പ്രതിഭാശാലിയെന്നാണു ലങ്കന്‍ നായകന്‍ കുമാര സംഗക്കാര മുരളിയെ വിശേഷിപ്പിച്ചത്.
ഈ ഫൈനല്‍ മത്സരത്തില്‍ കളിക്കുകയാണെങ്കില്‍ അത് മുരളിയുടെ അവസാനത്തെ രാജ്യാന്തര മത്സരമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അദ്ദേഹം നേരത്തേ വിരമിച്ചിട്ടുണ്ട.

ടെസ്റ്റില്‍ 800 വിക്കറ്റും ഏകദിനത്തില്‍ 534 വിക്കറ്റുമെടുത്ത 39കാരനായ മുരളി ആര്‍ക്കെങ്കിലും എളുപ്പത്തില്‍ മറികടക്കാവുന്നതിനെക്കാള്‍ ഉയരത്തിലുള്ള കളിക്കാരനാണ്. അര്‍ജുന രണതുംഗയുടെ നേതൃത്വത്തില്‍ ആസ്‌ത്രേലിയയെ തോല്‍പ്പിച്ച് ലങ്ക ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ മുരളീധരന്‍ ടീമിലുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിലും ലങ്ക ഫൈനലിലെത്തിയതില്‍ മുരളിയുടെ പങ്ക് നിര്‍ണായകമായിരുന്നു.
.